Wednesday, October 3, 2007

സെക്ഷന്‍ 22 ഉം 23 ഉം ---- കെട്ടിടങ്ങളില്‍ നിന്നുള്ള വരുമാനം ( Income from house properties )

ആദായത്തിനു പ്രധാനമായും 5 ശ്രോതസ്സുകളാണുള്ളത്.
  1. ശമ്പളം
  2. കെട്ടിടങ്ങളില്‍ നിന്നൂള്ള വരുമാനം
  3. ബിസിനസ്സില്‍ നിന്നോ മറ്റു പ്രഫഷണില്‍ നിന്നോ ഉള്ള ലാഭം
  4. ഷെയര്‍ മാര്‍ക്കറ്റില്‍ നിന്നു കിട്ടുന്ന ഡിവിഡന്റ് പോലുള്ള്വ
  5. മറ്റുള്ളവ.

ഇതില്‍ സെക്ഷന്‍ 22 ഉം 23 ഉം കെട്ടിടങ്ങളില്‍ നിന്നു കിട്ടുന്ന ആദായത്തിനെ കുറിച്ചു പ്രതിപാദിക്കുന്നു.

ഇതില്‍ സെക്ഷന്‍ 22 താഴെ പറയുന്ന പോലെ വിശദീകരിക്കാം.

നികുതി ദാതാവ് ഉടമയായിരിക്കുന്ന കെട്ടിടത്തിന്റെയും, അനുബന്ധ ഭൂമിയുടെയും വാര്‍ഷിക മൂല്യം കെട്ടിടങ്ങളില്‍ നിന്നുള്ള വരുമാനം എന്ന നിലയില്‍ ആദായ നികുതി കണക്കാക്കുന്നതിനു പരിഗണിക്കേണ്ടതാണ്. ഉടമ സ്വന്തം നിലയില്‍ ബിസിനസ്സോ മറ്റൂ പ്രഫഷനുകളോ മേല്പറഞ്ഞ വസ്തുക്കളിലോ അതിന്റെ ഭാഗങ്ങളിലോ നടത്തുന്നുണ്ടെങ്കില്‍, അതില്‍ നിന്നു കിട്ടുന്ന ലാഭം ആദായ നികുതിയില്‍ പരിഗണിക്കുന്നതിനാല്‍, ആ ഭാഗതിന്റെ വാര്‍ഷിക മൂല്യം വീണ്ടും ആദായനികുതിക്കു പരിഗണിക്കേണ്‍ടതില്ല.



Note: കെട്ടിടത്തിനോട് അനുബന്ധമല്ലാതെ കിടക്കുന്ന ഭൂമിയുടെ മൂല്യം ഈ വിധത്തില്‍ ആദായ നികുതിക്ക് പരിഗണിക്കുന്നതല്ല. അതില്‍ നിന്നു കിട്ടുന്ന ആദായം, മറ്റുള്ള ശ്രോതസ്സുകളില്‍ നിന്നുള്ള ആദായം എന്ന നിലക്കാണു ആദായ നികുതിക്ക് പരിഗണിക്കേണ്ടത്.

ഇനി എന്താണ് ഒരു കെട്ടിടത്തിന്റെ "വാര്‍ഷിക മൂല്യം" എന്നുള്ളതു നോക്കം. സെക്ഷന്‍ 23 സബ്-സെക്ഷന്‍ 1 ഇതിനെ കുറിച്ച് പ്രതിപാദിക്കുന്നു. ചുരുക്കത്തില്‍:-

(a) വര്‍ഷാവര്‍ഷം ആ കെട്ടിടത്തിനു താരതമ്യേന ലഭിക്കാവുന്ന വാടക. { ഇതു കണക്കാക്കുന്നതിനു, കെട്ടിടതിന്റെ നിര്‍മ്മാണ ചിലവ്, അതേ നിലവാരതിലുള്ള മറ്റു കെട്ടിടങ്ങള്‍ക്കു ആ പരിസരത്ത് ലഭിക്കുന്ന വാടക, കെട്ടിടത്തിന്റെ മുനിസിപ്പല്‍ മൂല്യം, റെന്റ് കണ്‍ട്രോള്‍ ആക്റ്റ് അനുസരിച്ചുള്ള സ്റ്റാന്റേര്‍ഡ് വാടക തുടങ്ങിയവ കെട്ടിടത്തിന്റെ വാര്‍ഷിക മൂല്യം കാണാന്‍ ഉപയോഗിക്കാവുന്നതാണ്. }

(b) കെട്ടിടം വാടകക്കു കൊടുത്തിട്ട് കിട്ടുന്ന തുക, (a) യില്‍ പറഞ്ഞ തുകയേക്കാള്‍ കൂടുതല്‍ ആണെങ്കില്‍ അതായിരിക്കും ആ കെട്ടിടത്തിന്റെ വാര്‍ഷിക മൂല്യം.

(c) കെട്ടിടം വാടകക്കു കൊടുക്കുകയും, ചതി, അത്യാവശ്യം മുതലായ കാരണങ്ങളാല്‍ കെട്ടിടം വെറുതെ കിടക്കുകയും, (a) യില്‍ പറഞ്ഞ തുക കിട്ടാതെ വരുകയും ചെയ്താല്‍, ആകെ കിട്ടിയ തുക ആയിരിക്കും ആ വസ്തുവിന്റെ ആ വര്‍ഷത്തെ മൂല്യം.

ഉടമ അടച്ച മുനിസിപ്പല്‍ ടാക്സ് വാര്‍ഷിക മൂല്യത്തില്‍ നിന്നും കുറക്കാവുന്നതാണ്.

മേല്പറഞ്ഞ കെട്ടിടം ഉടമ സ്വന്തം താമസത്തിനായി ഉപയോഗിക്കുകയോ, ജോലി സംബന്ധമായ കാരണങ്ങളാല്‍ മറ്റേതെങ്കിലും പ്രദേശത്ത് താമസിക്കേണ്ടി വരുകയും, മേല്പറഞ്ഞ കെട്ടിടം ഒഴിവായി കിടക്കുകയും ചെയ്തലോ, വേറെ ആര്‍ക്കും ആ വസ്തു വാടകക്ക് കൊടുത്തിട്ടില്ലെങ്കിലോ ആ വസ്തുവിന്റെ മൂല്യം പൂജ്യമായി കാണാവുന്നതാണ് ( സെക്ഷന്‍ 23, സബ്സെക്ഷന്‍ 2,3 ) .

ഉടമക്ക് മേല്പറഞ്ഞ രീതിയലുള്ള ഒന്നില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍, ഉടമയുടെ ഇഷ്ടപ്രകാരം അതില്‍ ഒന്നു പൂജ്യം മൂല്യത്തിനായി തിരഞ്ഞെടുക്കുകയും ബാക്കിയുള്ളവക്കു സബ്സെക്ഷന്‍ 1 ഇല്‍ പറഞ്ഞ പോലെ ആദായ നികുതിക്കു പരിഗണിക്കുകയും വേണം. ( സെക്ഷന്‍ 23, സബ്സെക്ഷന്‍ 4 )

ഇതില്‍ ഏറ്റവും ശ്രദ്ധേയമായ വസ്തുത എന്നതു, ഉടമക്കു യഥാര്‍ദ്ധത്തില്‍ വാടക ലഭിക്കുന്നില്ലെങ്കില്‍ കൂടിയും ആദായ നികുതി കൊടുക്കുവാന്‍ ഉടമ ബാദ്ധ്യസ്ഥനാണ് എന്നുള്ളതാണ്.

സെക്ഷന്‍ 24 മറ്റുള്ള ചില നികുതി ആനുകൂല്യങ്ങളെ കൂടി പ്രതിപാദിക്കുന്നു. വാര്‍ഷിക മൂല്യത്തിന്റെ 30% ത്തിന് റിപ്പയറിംഗ്, കളക്ഷന്‍ എന്നീ നിലകളില്‍ ഉടമക്ക് ആദായനികുതിയില്‍ ഇളവു ലഭിക്കുന്നു.

ആദായ നികുതി വകുപ്പും ചെംസ്ഫോഡ് ക്ലബ്ബും തമ്മിലുണ്ടായ ഒരു നിയമയുദ്ധത്തില്‍ സുപ്രീം കോടതി ഇങ്ങനെ അഭിപ്രായപ്പെടുന്നു.

സാധാരണ സാമ്പത്തിക ആശയത്തില്‍ പോലും 'ആദായം' എന്നു പറയുന്നത് എത്ര ലഭിക്കുന്നു എന്നുള്ളതു മാത്രമല്ല. ഒരു വസ്തു ചൂഷണം ചെയ്യുമ്പോള്‍ ലഭിക്കുന്നതോ സ്വന്തമായി ഉപയോഗിക്കുമ്പോള്‍ കിട്ടുന്നതോ ആയ എന്തും ആദായമാണ്. വരുമാനമായി മാറ്റാന്‍ കഴിവുള്ള എന്തും വരുമാനത്തിന്റെ ശ്രോതസ്സാണ്.

ആദായ നികുതിയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ആദായ നികുതി വകുപ്പിന്റെ http://law.incometaxindia.gov.in എന്ന വെബ് സൈറ്റീല്‍ ലഭ്യമാണ്. അതു പോലെ ഈ ബ്ലോഗിനു ആസ്പദമായ സെക്ഷനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ http://www.incometaxindia.gov.in/publications/5_House_Property/5_House_Property.asp - ല്‍ ലഭ്യമാണ്.

സ്വന്തം കെട്ടിടം വെറുതെയിട്ടാല്‍ പോലും ആദായ നികുതി കൊടുക്കേണ്‍ടി വരുമെന്നുള്ള സത്യം മനസ്സിലായില്ലെ? ഒരു ചോദ്യം മാത്രം......

കിട്ടാവുന്ന എല്ലാ രീതിയിലും നികുതി ദാതാവിനെ പിഴിയുക എന്നുള്ളതോ, അതോ വരുമാന ശ്രോതസ്സുകളെ പരമാവധി ചൂഷണം ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതോ, ഈ നിയമത്തിന്റെ ഉദ്ദേശ്യം?

No comments: